Friday, October 9, 2015

ആധാര്‍ എന്ന പരീക്ഷണം

ആധാര്‍ പദ്ധതിയെ പറ്റി ഞാന്‍ വായിച്ചതും കേട്ടതും വച്ച് തയ്യാറാക്കിയ ഒരു കുറിപ്പാണ്. രണ്ടു ഭാഗം കൂടി എഴുതണം എന്നുണ്ട്. സമയം പോലെ വരും. തല്‍ക്കാലം ഇത്. പലതും നേരിട്ടുള്ള പരിഭാഷകള്‍ ആണ്. എങ്കിലും പല സോര്‍സില്‍ നിന്നാണ്. 

ആധാര്‍ പദ്ധതി എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ആറ് കൊല്ലം ആയിരിക്കുന്നു. ആധാര്‍ കാര്‍ഡ് എന്ത്?, അത് അത്യാവശ്യം ആണോ?, അതിന്റെ വിശ്വാസ്യത, സുരക്ഷ എന്നിവയെപറ്റി പല തരത്തിലുള്ള ചര്‍ച്ചകള്‍ ഇന്നും നടക്കുന്നുണ്ട്. 2009 ജനുവരി 28നു കേന്ദ്ര സര്‍ക്കാര്‍ ഒരു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. രാജ്യത്തെ ജനങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഒരു മുഴുനീള പരീക്ഷണത്തിന്‍റെ തുടക്കം സൂചിപിച്ചു കൊണ്ട് പുറപ്പെടുവിച്ച ആ നോട്ടിഫിക്കെഷനില്‍ ആണ് ആധാര്‍ പദ്ധതി പിറന്നു വീണത്‌. ജൂലൈ 2009നു നന്ദന്‍ നിലെകനിയെ അദ്ധ്യക്ഷന്‍ ആയി നിയമിച്ചതോടെയാണ് ഈ പരീക്ഷണം ഔദ്യോതികമായി തുടങ്ങിയത്. 


പദ്ധതിയുടെ തുടക്കത്തില്‍ ഒരിക്കലും നിര്‍ബന്ധിതം ആവാത്ത ഒരു രേഖ ആയിരിക്കും ആധാര്‍ നമ്പര്‍ എന്നും രാജ്യത്തെ പാവങ്ങള്‍ക്കും പാര്‍ശ്വവല്ക്കരിക്കപെട്ട ജനങ്ങള്‍ക്കും ഒരു സ്വത്വം നല്‍കുക എന്നതാണ് ആധാറിന്റെ ലക്‌ഷ്യം എന്നും പറയുന്നു. . എന്നാല്‍ പദ്ധതിയുടെ നയരേഖയില്‍ പറയുന്നത് ശ്രദ്ധിക്കുക 
  

"ആധാര്‍ അംഗത്വം ഒരു നിര്‍ബന്ധം അല്ല. എന്നാല്‍ നിര്‍ബന്ധിതം ആക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെയോ രേജിസ്ട്രാറിനെയോ തടയാന്‍ സാധിക്കില്ല".
അപ്പോള്‍ നിര്‍ബന്ധിത അംഗത്വത്തിന്‍റെ ഒരു ഉപാധി ചെയ്തു വച്ചിട്ടാണ് ഇത് തുടങ്ങിയത് എന്ന് വ്യക്തം. വിരലടയാളവും, നേത്രവും അടങ്ങുന്ന സൂക്ഷ്മമായ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു പദ്ധതിയെ പറ്റി ധാരാളം സംശയങ്ങളും ചോദ്യങ്ങളും പൊതു മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നു വരേണ്ടതാണ്. വന്നിട്ടുമുണ്ട്. ഒരു ജാനാധിപത്യ രാജ്യത്ത് ഇത്തരം ചോദ്യം ഉയരേണ്ടത് പാര്‍ലമെന്റില്‍ ആണ്. എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, പദ്ധതി തുടങ്ങി ഏതാണ്ട് ആറു കോടിയില്‍ അധികം ജനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കിയതിനു ശേഷമാണ് പാര്ലമെന്റ്റ് ഈ വിഷയം ചര്‍ച്ചയ്ക്കു എടുക്കുന്നത് പോലും.

തുടങ്ങി മൂന്നാമത്തെ കൊല്ലം ആധാര്‍ പദ്ധതി അതിന്‍റെ തനിനിറം പുറത്തു കാണിക്കാന്‍ തുടങ്ങി. 2012 മുതല്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്നതിനെപറ്റിയും, ആധാര്‍ ഇല്ലാത്തവര്‍ക്ക് സബ്സിഡികളും അനുബന്ധ ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെ പറ്റിയും മറ്റും വാര്‍ത്തകള്‍ വന്നു. ജനുവരി 2013ലാണ് ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം വരുന്നത്. 2014ഓടെ പകുതി ജനങ്ങള്‍ക്ക്‌ എങ്കിലും ആധാര്‍ കൊടുക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞത് നിലേകനി തന്നെയാണ് എന്നോര്‍ക്കണം. പദ്ധതി നടത്തിപ്പ് കമ്പനിയ്ക്ക് രാജ്യത്തെ പകുതി ജനങ്ങള്‍ക്ക്‌ പോലും ആധാര്‍ ഉറപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണ് ആധാര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ തീരുമാനിക്കുന്നത്. പാചക വാതകത്തിനുള്ള സബ്സിഡി, മണ്ണെണ്ണ, അരി അടങ്ങുന്ന പൊതു വിതരണ സമ്പ്രദായം എന്ന് വേണ്ട വിദ്യാഭ്യാസ ധന സഹായം ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങളെ ബാങ്ക് അക്കൌന്റുമായി ബന്ധിപ്പിച്ച ആധാര്‍ നമ്പറില്‍ അധിഷ്ട്ടിതം ആക്കുമ്പോള്‍ അതില്ലാത്തവര്‍ക്ക് നിഷേധിക്കപെടുന്ന ആനുകൂല്യങ്ങളുടെ തോത് ഊഹിക്കാവുന്നതേ ഉള്ളൂ.

കേന്ദ്രീകൃതമായ ഒരു വിവരകേന്ദ്രം ഉണ്ടാക്കുക എന്ന ലക്‌ഷ്യം കേന്ദ്ര ഇലക്ട്രോണിക്സ് , വിവര സാങ്കേതിക വിഭാഗത്തിനു (DeitY) മുന്നേ ഉണ്ടായിരുന്നു. കാര്‍ഗില്‍ വാറിനു ശേഷം ആണ് നാഷണല്‍ പോപ്പുലേഷന്‍ രെജിസ്റ്റര്‍ (NPR) എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നതും അതില്‍ രാജ്യത്തെ എല്ലാ പൌരന്മാരും രെജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധം ആക്കുന്നതും. NPR വിവരങ്ങളിലേയ്ക്കു ആധാര്‍ വിവരങ്ങള്‍ ലയിപ്പിക്കുക എന്നതാണ് ലക്‌ഷ്യം എന്ന് അന്നത്തെ അഭ്യന്തരമന്ത്രി ആയിരുന്ന ചിദംബരം പറഞ്ഞിരുന്നു. ഇന്ന് ആധാര്‍ രെജിസ്റ്റര്‍ ചെയ്യുന്നതിന് മുഖവിലയ്ക്ക് എടുക്കുന്ന ഒരു രേഖ NPR ആണ് (Voters ID Card). ചിന്തിച്ചാല്‍ ആധാര്‍ എന്ന സമ്പൂര്‍ണ രേഖ ശേഖരണത്തിലെയ്ക്കുള്ള ഒരു മുന്നൊരുക്കം ആയിരുന്നോ NPR എന്ന് തോന്നാം. DeitYയുടെ സൈറ്റ് ഈ വിഷയത്തില്‍ ഇങ്ങനെ പറയുന്നു.

"പല തുറകളില്‍ നിന്നുള്ള വിവരങ്ങളെ ശേഖരിക്കുകയും പരസ്പരം ബന്ധപെടുത്തുകയും ചെയ്തു കൊണ്ട് ഒരു വ്യക്തിയുടെ സമ്പൂര്‍ണ രൂപരേഖ ഉണ്ടാക്കിഎടുക്കുന്നത് കൂടാതെ ഭാവിയില്‍ പല ഏജന്‍സികള്‍ക്കും കൂട്ടി ചേര്‍ക്കാവുന്ന തരത്തിലുള്ള പദ്ധതി ആണ് വിഭാവനം ചെയ്യുന്നത്".

ആദ്യം 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമായിരുന്ന പദ്ധതി ആധാര്‍ ഘട്ടത്തില്‍ എത്തിയപ്പോ ജനിച്ചു വീണ കുഞ്ഞുങ്ങള്‍ മുതല്‍ മരണകിടക്കയില്‍ കിടക്കുന്നയാള്‍ക്ക് വരെ എന്ന രീതിയില്‍ വളര്‍ന്നു. ആധാര്‍ എടുക്കുമ്പോള്‍ ശേഖരിക്കുന്ന രേഖകള്‍ കൂടാതെ ആധാര്‍ നമ്പറുമായി ബന്ധപെട്ട സേവനങ്ങളില്‍ ജനങ്ങള്‍ തന്നെ അധികമായി നല്‍കേണ്ടി വരുന്ന വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുകയും അങ്ങനെ നമ്മുടെ സ്വകാര്യ രേഖകളുടെ വളര്‍ന്നു വരുന്ന കേന്ദ്രീകൃത ശേഖരണം ആവും ആധാര്‍ നമ്പര്‍.

ഇത്തരം സ്വകാര്യത സംബന്ധമായ വിഷയങ്ങള്‍ മാറ്റി വയ്ക്കാം എന്ന് കരുതാം. വിരലടയാളം, നേത്രരേഖ എന്നിവയടങ്ങുന്ന ബയോമെട്രിക്ക് രേഖകളുടെ പ്രായോഗികത, ഉപയോഗ്യത, സാങ്കേതിക വശം എന്നിവയെ പറ്റി കാര്യമായ ഒരു പഠനമോ വിവര ശേഖരണമോ നടത്താതെയാണ് പദ്ധതി തുടങ്ങിയതും മുന്നോട്ടു പോകുന്നതും. വിരലടയാളം ശേഖരിക്കല്‍ ഗ്രാമീണ മേഖലകളില്‍ മുന്നോട്ടു വയ്ക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്‌. വിരലടയാളം മാഞ്ഞുപോയ/ഉപയോഗ്യമല്ലാത്ത കുറഞ്ഞതു 80ലക്ഷം ആളുകള്‍ എങ്കിലും ഗ്രാമീണ മേഖലയില്‍ ഉണ്ടെന്നാണ് കണക്കു. തിമിരം മുതലായ കൃഷ്ണമണി ഉപയോഗ ശൂന്യമാവുന്ന രോഗങ്ങള്‍ ബാധിച്ചവരും അത്രത്തോളം വരും. 2013 April 23നു നിലേകനി തന്‍റെ പ്രസംഘത്തില്‍ പറയുന്നത് ശ്രദ്ധിക്കുക.

"ആവശ്യത്തില്‍ കൂടുതല്‍ ബയോമെട്രിക്ക് വിവരങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ അതൊരു വ്യക്തിയെ നൂറുകോടി ജനങ്ങളില്‍ നിന്ന് അനന്യമായി തിരിച്ചറിയാന്‍ സാധിക്കും എന്നാണു ഞങ്ങളുടെ നിഗമനം. അതെങ്ങനെ സാധിക്കും എന്ന് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. മുന്നോട്ടു പോകുന്തോറും അതിനുള്ള വഴികള്‍ കണ്ടെത്തും."

ഗവേഷകരെ കുറിച്ചൊരു തമാശ പറയാറുണ്ട്‌. ആദ്യം നമ്മള്‍ക്കാവശ്യമുള്ള നിഗമനത്തില്‍ എത്തുക. അതിനു ശേഷം ആ നിഗമനത്തില്‍ എത്താന്‍ എന്ത് ചെയ്യണം എന്ന് ചിന്തിച്ചു അത്തരം പരീക്ഷണങ്ങള്‍ ചെയ്യുക. അങ്ങനെയാണ് ഗവേഷണമെന്നു. അതിലും വലിയ തമാശ ആണ് ആധാര്‍. ആധാര്‍ എന്നതൊരു പരീക്ഷണം ആണെന്നതിന് ഇതിലും വലിയ തെളിവു വേണം എന്ന് തോന്നുന്നില്ല.



നാല് കാര്യങ്ങള്‍ നമുക്ക് ആധാറിനെ സംബന്ധിച്ച് വ്യക്തമായി പറയാന്‍ സാധിക്കും.

ഒന്ന് - ഇതൊരു വ്യക്തിത്വ തിരിച്ചറിയല്‍ രേഖയ്ക്കുള്ള പദ്ധതിയല്ല. പല പൊതു/സ്വകാര്യ ഏജന്‍സികള്‍ക്ക് തങ്ങളുടെ ഉപഭോക്ത്താക്കളെ അറിയാനും, അവരുടെ വിവരങ്ങളെ കേന്ദ്രീകൃതമായി പിന്തുടരാനും ഉള്ള സാധ്യതയെ കൂട്ടുന്ന ഒരു സൌകര്യമാണ്.

രണ്ടു - ആധാര്‍ ഒരു കാര്‍ഡ് അല്ല. ഒരു നമ്പര്‍ ആണ്. ബയോമെട്രിക്ക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന ഒരു നമ്പര്‍. ആ നമ്പര്‍ ഒരാളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം. പക്ഷെ അതിന്‍റെ സാധ്യത ബയോമെട്രിക്ക് രേഖകള്‍ എത്രത്തോളം വിശ്വാസയോഗ്യം ആണ് എന്നതനുസരിച്ച് ഇരിക്കും. ഇന്നേ വരെ ഈ വിഷയത്തില്‍ ആകെ ഉള്ളത് UIDAI നടത്തിയ ഒരു ആശയ തെളിവ് (Proof of Concept) പഠനവും ചില ഊഹാപോഹങ്ങളും, ''വിശ്വാസം അതല്ലേ എല്ലാം' എന്ന് നിലെകനിയും കൂട്ടരും പറയുന്നതും മാത്രമേ ഉള്ളൂ. PoC വളരെ രസകരമായ റിപ്പോര്‍ട്ട് ആണ്. എതു വര്‍ഷം ആണെന്നോ, ആരാണ് എഴുതിയതെന്നോ ഒന്നും കാര്യമായി പ്രതിപാധികാത്ത ഒരു റിപ്പോര്‍ട്ട്. നാല്‍പതിനായിരം പേരുടെ ബയോമെട്രിക്ക് വിവര ശേഖരണം നടത്തി എന്ന് അവകാശപെടുന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു

"ഈ പഠനത്തിന്റെ ഉദ്ദേശം ബയോമെട്രിക്ക് രേഖകള്‍ എടുക്കുന്നതിലെ വിഷമതകള്‍ പഠിക്കുകയല്ല മറിച്ച് രാജ്യത്തിന്‍റെ ഒരു സാമ്പിള്‍ വിവരം എടുക്കുക എന്നതാണ്. ആയതിനാല്‍ തോട്ടം തൊഴിലാളികള്‍, ചെത്ത് തൊഴിലാളികള്‍ അടങ്ങുന്ന ബയോമെട്രിക്ക് രേഖകള്‍ ലഭിക്കാന്‍ സാധ്യത കുറവുള്ള ജനവിഭാഗങ്ങളെ പഠനത്തില്‍ ഉള്‍പെടുത്തിയിട്ടില്ല".

ഏറ്റവും പ്രധാന പ്രശ്നം പദ്ധതിയുടെ വ്യാപ്തിയിലുള്ള സംശയവും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പര്‍ഷിക്കാനുള്ള കഴിവുണ്ടോ എന്നതും ആണെന്നിരിക്കെ അതിനെ കുറിച്ച് പഠിക്കാത്ത പഠനങ്ങള്‍ക്ക് എന്താണ് പ്രസക്തി എന്നത് ഒരു ചോദ്യമായി നിലനില്‍ക്കുന്നു.

മൂന്നു - ഇതൊരു ബിസിനസ് മോഡല്‍ ആയി വികസിപ്പിക്കുക ആണ് UIDIA ഉദേശിക്കുന്നത്. അംഗീകൃത പൊതു/സ്വകാര്യ ഏജന്‍സികള്‍ക്ക് ഉപഭോക്താവിനെ അറിയല്‍ പ്രക്രിയ (Know Your Customer) നടത്താന്‍ ആധാര്‍ രേഖകള്‍ നല്‍കുക വഴി ലാഭം ഉണ്ടാക്കല്‍ ആണ് പ്രതീക്ഷിക്കുന്നത്

നാല് - നിര്‍ബന്ധിതമല്ല എന്നത് പരസ്യ വാചകം മാത്രമായിരുന്നു. കാരണം നിര്‍ബന്ധിതം ആക്കാതെ ഒറ്റയ്ക്ക് ഉപയോഗമില്ലാത്ത ആധാര്‍ ആരും എടുക്കാതെയും അത് വഴി UIDIAക്ക് നില നില്‍പ്പില്ലാതെയും വരും.

തുടരും. . . .

Reference

1. http://www.thestatesman.com/news/5066-Aadhaar-Unmasked---Threat-of-exclusion--and-of-surveillance--2nd-July-2013-.html
2. http://www.thestatesman.com/news/5067-Aadhaar-Unmasked---A-virtual-monster-in-the-cloud--3rd-July-2013-.html
3. Frontline Vol. 28 :: No. 24 Nov 19 - Dec 02, 2011
4. UIDAI Proof of Concept Document -https://uidai.gov.in/images/FrontPageUpdates/uid_enrolment_poc_report.pdf
5. UIDAI STRATEGY OVERVIEW - https://uidai.gov.in/UID_PDF/Front_Page_Articles/Documents/Strategy_Overveiw-001.pdf